ഊതി വിഴ്ത്തല്‍

ഊതി വിഴ്ത്തല്‍

Evg. Saji A. John, Pathanamthitta



കരിസ്മാറ്റിക് നേതാക്കന്മാര്‍ വളരെയധികം ഉപയോഗിക്കുന്ന ഒരു പ്രതിഭാസമാണിത്. അവര്‍ അനുയായികളുടെ തലയില്‍ കൈവെയ്ക്കുകയൊ, അവരുടെ നേര്‍ക്ക് ഊതുകയോ ചെയ്യുബോള്‍ അവര്‍ പിന്നിലേക്ക് വീണു ചിരിക്കയും, അലറുകയും, സ്വപ്നങ്ങള്‍ കാണുകയും മറ്റും ചെയ്യുന്നു. ഇത് ഉറങ്ങുവാനും സ്വപ്നം കാണുവാനുമുള്ള സമയമല്ല മറിച്ച് ഉണര്‍ന്നിരുന്ന് പ്രാര്‍ത്ഥിക്കുവാനും പ്രവര്‍ത്തിക്കുവാനുമുള്ള സമയമാണെന്നുള്ളത് അവര്‍ മറന്നുപോകുന്നു. ഇത് പരിശുദ്ധാത്മാവ് ഒരിക്കലും ചെയ്യുകയില്ല എന്നത് വളരെ വ്യക്തമാണ്. ദൈവവചനത്തില്‍ ദൈവസന്നിധിയില്‍ വീണവര്‍ ഒരിക്കലും പിന്നിലേക്കല്ല മറിച്ച് മുബിലേക്കാണു വീണിട്ടുള്ളത് (1 രാജാ.18:39; മത്തായി. 18:26; ലൂക്കോസ് 17:16). കവിണ്ണു വീഴുന്നത് താഴ്മയുടെയും സമര്‍പ്പണത്തിന്റെയും പ്രതീകവും പിന്നിലേക്ക് വീഴുന്നത് ദൈവത്തോടുള്ള മത്സരത്തിന്റെയും ദൈവത്തെ പരിഹസിക്കുന്നതിന്റെയും പ്രതീകമാണ്. 1 കോരി.14:25- ന്റെ അടിസ്ഥാനത്തില്‍ പാപത്തെക്കുറിച്ച് ബോധം വരുന്നവര്‍ ദൈവ മുബാകെ കവിണ്ണു വീഴും. പിന്നിലേക്കു വീഴുബോള്‍ നഗ്നതയെ അനാവ്യതമാക്കുകയാണൊരുവന്‍ ചെയ്യുന്നത്. ഇത് ദൈവം വെറുക്കുന്നു (പുറ.20:26). നഗ്നത അനാവ്യതമാക്കുന്നത് ലജ്ജാകരമാണ് (വെളി.16:15)

പുറകോട്ടു വീഴുന്നത് എപ്പോഴും ദൈവികന്യായവിധിയോടുള്ള ബന്ധത്തില്‍ കാണുവാന്‍ കഴിയും. ഏലി പുറകോട്ട് വീണ് മരിച്ചത് ദൈവിക ന്യായവിധി മൂലമാണ് (1ശാമുവേല്‍ 2:34; 4:18). പുറകോട്ടു വീഴുന്നത് കഷ്ടമനുഭവിക്കുവാനോ മരിക്കുവാനൊ ആണെന്ന് ഉല്‍പ്പത്തി. 49:17- ല്‍ പറയുന്നു. ദൈവിക ന്യായവിധിമൂലം കള്ളപ്രവാചകന്മാര്‍ പുറകോട്ടുവീണു തകര്‍ന്ന് കുടുക്കില്‍ അകപ്പെട്ടു പിടിപെടും എന്ന് യെശയ്യാവ് 28:13-ല്‍ വളരെ വ്യക്തമായി പ്രവചിച്ചുട്ടുണ്ട്. യിസ്രയേല്‍ ജനം ദൈവിക ന്യായവിധി ഹേതുവായി താഴെ വീണ് ഇന്നത്തെ പെന്തെക്കോസ്തുകാരെപ്പോലെ അന്യഭാഷ സംസാരിക്കുന്നത് യെശ. 29:4-ല്‍ കാണുവാന്‍ കഴിയും.

യിരമ്യാവ് 25:15,16,27 വാക്യങ്ങളുടെ അടിസ്ഥാനത്തില്‍ ഇനി ഒരിക്കലും എഴുന്നേല്‍ക്കാതവണ്ണം ആണ് അവര്‍ വീഴുന്നത്. ദൈവത്തോട് വബുകാണിച്ച മോവാബ് ദൈവിക ന്യായവിധി ഹേതുവായി മത്തുപിടിച്ച് തന്റെ ഛര്‍ദ്ദിയില്‍ കിടന്നുരുളുകയും ഒരു പരിഹാസവിഷയമാവുകയും ചെയ്യുന്നതായി യിരമ്യാവ് 48:26- ല്‍ ചിത്രീകരിച്ചിട്ടുണ്ട്. എന്നാല്‍ ഈ പ്രതിഭാസം തന്നെയാണ് കരിസ്മാറ്റിക് പ്രസ്ഥാനങ്ങളിലും നടക്കുന്നത്.

പരിശുദ്ധാത്മാവിനെ പാനം ചെയ്തതിനാല്‍ (മദ്യപിച്ചതുപോലെ) ആണ് അവര്‍ വീഴുന്നതെന്ന് കരിസ്മാറ്റിക്കുകാര്‍ ചിന്തിക്കുന്നു. വാസ്തവമായും ഇത് ദുരാത്മാവാണ്, പരിശുദ്ധാത്മാവല്ല. വിശ്വാസികള്‍ ഉരുണ്ടു വീണുറങ്ങുവാനുള്ളവരല്ല. ശിംശോനും യോനയും അപ്പോസ്തലന്മാരും ഉറങ്ങിയപ്പോള്‍ അവര്‍ അതിന്റെ അനന്തര ഫലവും അനുഭവിക്കേണ്ടതായി വന്നു. ഉറച്ചിരുന്നു പോരാടുവാനും ഉണര്‍ന്നിരുന്നു പ്രാര്‍ത്ഥിക്കുവാനും തിരുവചനം വിശ്വാസികള്‍ക്ക് മുന്നറിയിപ്പ് നല്‍കുന്നു (എഫെ. 6:17,18). ഇന്ന് ഉറങ്ങുകയും സ്വപ്നം കാണുകയും ചെയ്യുന്ന ഇക്കൂട്ടര്‍ കള്ളപ്രവാചകന്മാരും ദുരുപദേഷ്ടക്കന്മാരുമാണെന്ന് യൂദാ 8 വ്യക്തമാക്കുന്നു. ദുരുപദേശത്താല്‍ ഉഴലുന്ന അവര്‍ നിദ്രകൊണ്ട് സ്വപ്നാവസ്ഥയിലായിരിക്കുന്ന ഈ നാളുകളില്‍ യഥാര്‍ത്ഥ ദൈവമക്കള്‍ ഉണര്‍ന്നിരുന്ന് പ്രാര്‍ത്ഥിക്കണം.

===============

ഗാനം

എന്റെ പാറയും എന്റെ കോട്ടയും നീ മാത്രമെന്‍ ദൈവമേ....
എന്റെ സങ്കേതവും എന്‍ രക്ഷയും നീ മാത്രമെന്‍ യാഹ്യേ.....(2)

1). അതിക്രമത്തില്‍ പാപാത്തില്‍
ഞാനാപതിച്ചുഴഞ്ഞിരുന്നു (2)
കരം പിടിച്ചെന്നെ മകനാക്കുവാന്‍,
എന്നില്‍ നീ കനിഞ്ഞുവല്ലോ...

‌‌‌‌‌‌‌‌‌‌‌‌‌‌‌‌ (എന്റെ പാറയും)

2). ശത്രുവിന്റെ കണിയില്‍, ചെങ്കടലിന്‍
നടുവില്‍ ഞാനാകെ വലഞ്ഞലഞ്ഞു......(2)
കണ്ണുനീര്‍ തുടച്ചു മറുകരെ ചേര്‍ക്കാന്‍
യാക്കോബിന്‍ ദൈവം കൂടെയുണ്ടേ....
യാക്കോബിന്‍ ദൈവം കൂടെയുണ്ടേ....

‌‌‌‌‌‌‌‌‌‌‌‌‌‌‌‌‌‌‌‌‌‌‌ (എന്റെ പാറയും)

3). അമ്മ മറന്നാലും ലോകം ദുഷിച്ചാലും
എന്നെ മറക്കാത്ത നാഥാ....(2)
ലോകം മാറിയാലും ഭൂമി നീങ്ങിയാലും നിത്യതയോളം
നീ എന്നെ നടത്തേണമെ..നീ എന്നെ നടത്തേണമെ..

(എന്റെ പാറയും)


രചന: ബ്ര. സ്റ്റാന്‍ലി അബ്രഹാം

ഗാനം

നാഥാ അരികിലില്ലെങ്കില്‍............
ജയിംസ് പത്തനാപുരം


ഒരുനിമിഷം നാഥാ അരികില്‍ നീയില്ലെങ്കില്‍
പിരിയാത്ത സഖിയായിട്ടാരുമില്ല
അര നിമിഷം നാഥാ അരികിലില്ലെങ്കില്‍
കരുതുവാനാരുമില്ല............. എന്നെ

പുലരുന്ന നേരം തൊട്ടിരവുവരെ
കരുതുന്ന കര്‍ത്താവു നീയല്ലെയോ
ഇരവിലും പകലിലും നിന്‍ കരുതല്‍
ലവലേശമിന്നു കുറയുന്നില്ല (ഒരു നിമിഷം)

തുമ്പങ്ങളേറുമെന്‍ ജീവിതത്തില്‍
ഇമ്പം പകരുന്നോന്‍ നീയല്ലയോ
അന്‍പോടു എന്നെ നടത്തിടുന്ന എന്റെ
തമ്പുരാനെ നിനക്കിന്നു സ്തുതി (ഒരു നിമിഷം)

ധരയിലെനിക്കുള്ള നാള്‍കളെല്ലാം
അരികില്‍ നീയുള്ളതാല്‍ സാരമില്ല
ദുരിതങ്ങളേറുമീ മരുഭൂമി യാത്രയില്‍
പിരിയാത്ത സഖി നീ മാത്രമല്ലോ (ഒരു നിമിഷം)

ദിനവും നിന്‍ ചരണങ്ങള്‍ എന്‍ ശരണം
മരണം വരെയും നീ ശരണം
ഒരുനാള്‍ നിന്നരികില്‍ ഞാനണയുമന്നാള്‍
എന്‍ ദുരിതങ്ങളൊക്കെയും തീരുമന്നാള്‍ (ഒരു നിമിഷം)

കവിത

കരുതി ജീവിക്കണം
ജയിംസ് പത്തനാപുരം


ബുദ്ധി കെട്ടു നടക്കല്ലേ മക്കളെ
ശ്രദ്ധ വെച്ചു പഠിക്കണം നിങ്ങളും
ബുദ്ധിയോടെ നടക്കണം എപ്പോഴും
ബദ്ധ വൈരികളാകല്ലിന്നാര്‍ക്കുമേ

ദോഷമൊന്നും നിനയ്ക്കല്ലേ മക്കളെ
ഭോഷരായി നടക്കല്ലൊരിക്കലും
മോക്ഷമാര്‍ഗ്ഗം നിനച്ചീടുകെപ്പൊഴും
ശേഷമെല്ലാം കരുതീടുമീശനും

ഝടുതിയില്‍ നാമൊന്നും ചിന്തിച്ചുറയ്ക്കല്ലേ
കെടുതിയായിടും കാര്യമതൊക്കെയും
ഒടുവിലോര്‍ത്തു വിഷാദിച്ചെന്നാകിലാ-
കെടുതി മാറ്റാന്‍ കഴിയില്ലെന്നോര്‍ക്കണം

കരുണ കാട്ടാ‍ന്‍ മടിക്കല്ലൊരിക്കലും- അതു
കരുണയാണതെന്നതും ഓര്‍ക്കണം
കരുണ കാട്ടൂ മനുഷ്യര്‍ക്കേവര്‍ക്കും
കരുണാമയന്റെ കടാക്ഷമുണ്ടായിടും

കീശവലുതാക്കാന്‍ മാത്രം നടക്കല്ലെ
മോശമായിരിപ്പോരെ കരുതണം
കാശുവരുമതു പോയിടും പിന്നെയോ
ലേശവും വഴിവിട്ടു നടക്കല്ലേ

പാത്രമായ് വരുന്നോരെ കരുതണം
മിത്രമെന്നു നിനയ്ക്കണം ശത്രുവെ
പാത്രനാം പരമേശനെ നമിക്കണം
സ്തോത്രമെന്ന യാഗമര്‍പ്പിക്കണം

ഗാത്രമെത്ര വെളുത്തതാണെങ്കിലും
ഗോത്രമെത്ര മികച്ചാതാണെങ്കിലും
മാത്രനേരം കൊണ്ടൊടുങ്ങുന്ന ജീവിതം
ഓര്‍ത്തു ജീവിക്കണം മര്‍ത്യര്‍ നാമെപ്പോഴും

ഇല്ലയില്ലെന്നോതി നടക്കല്ലെ
എല്ലാമേകും പരമേശന്നോ‍ടോതുക
അല്ലെലൊക്കെ അറിയുന്ന വല്ലഭന്‍
നല്ലതായ് തന്നെ ചെയ്തിടും സര്‍വ്വവും

ഉളളതു കൊണ്ട് നാം സംത്രി‌പ്തരാകണം
ഉളളതെല്ലാം ജഗന്‍ ദാനമെന്നോര്‍ക്കണം
കളളമൊന്നും പറഞ്ഞു നടക്കല്ലേ
തളള തന്തയെ നന്നായ് മാനിക്കണം

ദിനവും ഈശനെ ശരണമാക്കീടണം
മനമതില്‍ തന്നെ നിനക്കണമെപ്പോഴും
അനുദിനം നിങ്ങള്‍ ദൈവത്തിനും- പിന്നെ
മനുജനും ഉതകും വിധൌ നടക്കണം

കരുതി ജീവിക്കണം നിങ്ങളെന്‍ മക്കളെ
പരിധി വിട്ടു നടക്കല്ലൊരിക്കലും
പൊരുതി ജീവിക്കും മര്‍ത്യരനേകരും
കരുതിയാകുന്നിതെത്രയോ ഭീകരം!